പരാതിയിൽ ഉറച്ചുനിൽക്കുന്നു; രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി അടൂർ പ്രകാശ്

  1. Home
  2. Kerala

പരാതിയിൽ ഉറച്ചുനിൽക്കുന്നു; രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി അടൂർ പ്രകാശ്

ADOOR PRAKASH


മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന പ്രതിപക്ഷ വിമർശനത്തിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മന്ത്രിസഭാ യോഗത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അതിനാൽ പ്രതികരിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുപേരുടെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടത് പിറ്റേ ദിവസത്തെ പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. തലേദിവസം മസ്‌കറ്റിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ടിട്ടും ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇതാണ് തന്റെ പരാതിക്ക് കാരണമെന്നും പരാതികൾ അറിയിക്കേണ്ടിടത്ത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതിയിൽ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്നും വ്യക്തമാക്കി.

അതിനിടെ, താൻ രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത അടൂർ പ്രകാശ് നിഷേധിച്ചു. ആരാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. താൻ നൽകിയ പരാതികളുടെ വിവരങ്ങൾ പുറത്തുവന്നെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.

പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളിലും അദ്ദേഹം പ്രതികരിച്ചു. പത്മജയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അവർ എന്തിനാണ് കോൺഗ്രസ് വിട്ടതെന്ന കാര്യം പോലും പലർക്കും അറിയില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.