ഇഡി റെയ്ഡിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി
ഇഡി നടത്തിയ റെയ്ഡിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . റെയ്ഡ് സംബന്ധിച്ച് പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം . കേന്ദ്ര ഏജൻസി നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്‍, ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് പൊലീസ് സുരക്ഷ ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിന് എത്തുന്ന ഉദ്യോഗസ്ഥരെയും വനിതാ അംഗങ്ങളെയും തടയുകയോ ആക്രമിക്കുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണെന്നും ഇത്തരം നടപടികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
റെയ്ഡിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രതികരണങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടിക്ക് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുന്നത് അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോഴും കോൺഗ്രസ് പ്രവർത്തകർ ആക്രമണത്തിന് ഇറങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോടതി നിർദ്ദേശിച്ച അന്വേഷണത്തിൽ സർക്കാർ ഇടപെടാൻ കഴിയില്ലെന്നും അന്വേഷണം എങ്ങനെ നടത്തണമെന്ന് നിർദേശിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം താൻ എപ്പോൾ മറുപടി പറയണം എന്നതിനുള്ള അവകാശമെങ്കിലും തനിക്ക് നൽകണം എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നയാളല്ല താൻ തനിക്ക് മറുപടി പറയാനുള്ള സാവകാശം തരണം. 12 പ്രാവശ്യമാണ് മാധ്യമങ്ങൾ തന്നോട് ഒരേ ചോദ്യം ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
