സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഈ മാസം 25-ന് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 25-ന് ആരംഭിക്കുന്ന ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കായികമേളയ്ക്ക് മുഖ്യമന്ത്രി തിരികൊളുത്തും. തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബർ 25-ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും.
തുടർന്ന് നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ.ഐ.ടിയിൽ എത്തിച്ചേർന്ന ശേഷമാകും ഉദ്ഘാടനം. സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന സംഘാടക സമിതി അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ഒക്ടോബർ 25 മുതൽ 31 വരെയാണ് മേള നടക്കുന്നത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപന ദിവസം അടുത്ത വേദി കണ്ണൂരായിരിക്കുമെന്ന് അന്നത്തെ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ യു.ഡി.എഫ് സർക്കാർ വേദി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഇത് കണ്ണൂരിനെ നിരാശപ്പെടുത്തിയെങ്കിലും, അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഒളിംപിക് മാതൃകയിലുള്ള മത്സരങ്ങൾക്കും പുതിയ ട്രാക്കിനും കോഴിക്കോട് കൂടുതൽ സൗകര്യപ്രദമാണെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കിയിരുന്നു.
