'യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; നടക്കുന്നത് ഗുണ്ടായിസം': മന്ത്രി ഒ.ജെ. ജനീഷ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ലാത്തിചാർജല്ല, മറിച്ച് 'ഓപ്പറേഷൻ തൂഫാൻ' മാതൃകയിലുള്ള മിന്നൽ റെയ്‌ഡാണ് വേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. യൂണിവേഴ്സിറ്റി കോളജ് എസ്.എഫ്.ഐയുടെ കോട്ടയായി മാറിയിരിക്കുകയാണെന്നും അവിടെ നടക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയമല്ല, മറിച്ച് ശുദ്ധമായ ഗുണ്ടായിസമാണെന്നും മന്ത്രി വിമർശിച്ചു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനുമെതിരെ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും അക്രമം അഴിച്ചുവിട്ടത് ചതിപ്രയോഗമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജനപ്രതിനിധികൾ നിലയുറപ്പിച്ച സ്ഥലത്തേക്കാണ് കുപ്പിയേറുണ്ടായത്. ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും, ഓഫീസ് ആക്രമണത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
