കൊല്ലത്ത് തെരുവുനായ ആക്രമണം; 10 പേർക്ക് പരിക്ക്, കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർക്കും രണ്ട് അഭിഭാഷകർക്കും കടിയേറ്റു. താലൂക്ക് ആശുപത്രിക്ക് സമീപം രണ്ട് പെൺകുട്ടികൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.കൊട്ടാരക്കര, തൃക്കണ്ണമംഗൽ, ചന്തമുക്ക്, തോട്ടമുക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തെരുവുനായയുടെ ആക്രമണം. കടിയേറ്റ എല്ലാവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇതിനിടെ, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ സാമ്പിൾ തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നിരവധി പേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
