കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

  1. Home
  2. Kerala

കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

nishanth chandran


കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള വഴിവിട്ട ബന്ധം തെളിഞ്ഞതിനെ തുടർന്ന് പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി.പി.ഒയുമായ നിഷാന്ത് പി. ചന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വർണ്ണക്കവർച്ച കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെ ഗുണ്ടാസംഘങ്ങളുമായി നിഷാന്തിന് ബന്ധമുണ്ടെന്ന പരാതിയിൽ ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ കടുത്ത നടപടി.

ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി നിഷാന്ത് സസ്പെൻഷനിലായിരുന്നു. തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിൽ നിഷാന്ത് വിവിധ കേസുകളിലെ പ്രതികളായ ഗുണ്ടാസംഘങ്ങളുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായും, ഇവർക്കൊപ്പം എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായും കണ്ടെത്തി. കൂടാതെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുൻപും നിരവധി പരാതികളും നടപടികളും നിലവിലുണ്ട്.

അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് വ്യക്തമായതോടെ സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി നേരത്തെ നിഷാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്മേൽ ലഭിച്ച മറുപടി തൃപ്തികരമല്ലാതിരുന്നതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ അന്തിമ നടപടി.