പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം; ലംഘിച്ചാൽ 5,000 രൂപ പിഴയും പ്രോസിക്യൂഷൻ നടപടിയും

  1. Home
  2. Kerala

പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം; ലംഘിച്ചാൽ 5,000 രൂപ പിഴയും പ്രോസിക്യൂഷൻ നടപടിയും

pamba river


തീർത്ഥാടകർ പമ്പാനദിയിലും സ്‌നാനഘട്ടങ്ങളിലും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനമേർപ്പെടുത്തി ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര ഉത്തരവിറക്കി. നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധനം പ്രാബല്യത്തിലുള്ളത്. ഉത്തരവ് ലംഘിച്ച് നദിയിലോ സ്‌നാനഘട്ടങ്ങളിലോ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കുമെന്നും, 15 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദിവസേന ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കം ചെയ്യേണ്ടി വരുന്നത്; ആവർത്തിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടി.

ബി.എൻ.എസ്.എസ് സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്, പമ്പയിലോ കൈവഴികളിലോ സ്‌നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ ഉപേക്ഷിക്കാൻ പാടില്ല. കൂടാതെ നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കാൻ പമ്പാ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പൊലീസ് സ്‌പെഷ്യൽ ഓഫീസർ, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് അധികാരം നൽകിയിട്ടുണ്ടെന്നും ഇതിനായി പമ്പയിൽ പരിശോധനകൾ ശക്തമാക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തുകയും, ഈ തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്‌കരണ, നദീ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കുകയും ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പാനദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.