കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ ക്രൂരമർദനത്തിനിരയായ വിദ്യാർഥി മരിച്ചു
കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ ക്രൂരമർദനത്തിനിരയായ വിദ്യാർഥി മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് (18) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
ഞായറാഴ്ചയാണ് ഹരികൃഷ്ണനും സഹോദരനും മരുത്തടി ക്ഷേത്രോത്സവത്തിനെത്തിയപ്പോൾ ക്രൂര മർദ്ദനത്തിന് ഇരയായത്. ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും മദ്യപസംഘം മർദ്ദിക്കുകയായിരുന്നു. ഘോഷയാത്രക്കിടെ ഉണ്ടായ തർക്കമായിരുന്നു കാരണം. ആക്രമണത്തിനിടയിൽ നിലത്തു വീണ ഹരികൃഷ്ണനെ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഹരികൃഷ്ണനെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാലു പ്രതികൾ പിടിയിലായിരുന്നു. ഒന്നാം പ്രതി വിമൽരാജ്, രണ്ടാം പ്രതി സനിൽ കുമാർ എന്നിവരെ ഇന്നലെയും മറ്റു രണ്ടുപേരെ കഴിഞ്ഞ ദിവസവും ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
