കോതമംഗലത്ത് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
കോതമംഗലം നെല്ലിക്കുഴിയിൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ഒന്നാംവർഷ ബിബിഎ വിദ്യാർഥിയും ഇടുക്കി മാങ്കുളം സ്വദേശമായ നന്ദന ഹരിയാണ് മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് പിതാവ് ഹരി ആവശ്യപ്പെട്ടു. എന്നാൽ നന്ദനയുടേത് ആത്മഹത്യ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു
ഞായറാഴ്ച രാവിലെ 8.30ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് & സയൻസ് കോളജിന്റെ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയ സഹപാഠിയാണ് ഫാനിൽ തൂങ്ങിയ നിലയിൽ നന്ദനയെ ആദ്യം കാണുന്നത്. കോളജ് അധികൃതർ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്ഥലത്തെത്തി.
ക്യാമ്പസിലോ ഹോസ്റ്റലിലോ നന്ദനയെക്കുറിച്ച് ആർക്കും ഭിന്നഭിപ്രായം ഇല്ല എന്നും, രാത്രി ഉറങ്ങുന്നതിനു മുമ്പ് വരെ ഫോൺ വിളിക്കുന്നത് കണ്ടതായി ഹോസ്റ്റൽ മെട്രൻ പറഞ്ഞിരുന്നതായി കോളജ് പ്രിൻസിപ്പൽ പറഞ്ഞു. മരിക്കുന്നതിനുമുമ്പ് നന്ദന ഇൻസ്റ്റഗ്രാം ഐഡിയിലെ മുഴുവൻ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.
