ട്രെയിനിന് നേരെയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

  1. Home
  2. Kerala

ട്രെയിനിന് നേരെയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

aluva


ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിയെ റെയിൽവേ പോലീസ് പിടികൂടി. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് തിങ്കളാഴ്ച പിടിയിലായത്. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ മാസം 30-നായിരുന്നു ദാരുണമായ സംഭവം നടന്നത്. ആലുവയിലെ ഹോസ്റ്റലിൽ നിന്നും കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരികയായിരുന്ന എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യയ്ക്കാണ് (22) കല്ലേറിൽ പരിക്കേറ്റത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ല് ജനാലയിലൂടെ അകത്തേക്ക് പതിക്കുകയും ഐശ്വര്യയുടെ മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

തുടർന്ന് റെയിൽവേ പോലീസും പ്രാദേശിക പോലീസും നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതി വലയിലായത്. ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ സുരക്ഷാ വിഭാഗം പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ഐശ്വര്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.