വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

നിലമ്പൂർ വഴിക്കടവിൽ കാട്ടുപന്നിക്കുവെച്ച വൈദ്യുതിക്കെണിയിൽ നിന്ന് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിനേഷിനെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലമ്പൂർ കോടതിയാണ് റിമാൻഡ് ചെയ്തത് .സികെഎം എച്ച്എസ്എസ് മണിമൂലി വിദ്യാർത്ഥിയായ അനന്തുവാണ് മരണപ്പെട്ടത്.
ശനിയാഴ്ച പെരുന്നാൾ അവധി ദിനത്തിൽ കൂട്ടുകാരോടൊപ്പം ഫുട്‌ബോൾ കളിക്കാൻ പോയ അനന്തു, കളികഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടിൽ സുഹൃത്തുക്കളുമായി ചേർന്ന് മീൻപിടിക്കാൻ ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാൻവെച്ച വൈദ്യുതിക്കെണിയിൽ തട്ടിയാണ് കുട്ടികൾക്ക് ഷോക്കേറ്റത്. അഞ്ചു പേർ അടങ്ങുന്ന സംഘത്തിനാണ് അപകടം പറ്റിയത്. അനന്തു മരിച്ചു. പരിക്കേറ്റ യദു, ഷാനു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്
കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെയും വിനീഷ് സമാനമായ രീതിയിൽ പന്നിയെ പിടികൂടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വിൽപനയ്ക്കായാണ് ഇയാൾ പന്നികളെ ഇത്തരത്തിൽ പിടികൂടിയിരുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വിനീഷിനൊപ്പം കുഞ്ഞുമുഹമ്മദ് എന്നയാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.