കീം പരീക്ഷയിൽ ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിക്കും

  1. Home
  2. Kerala

കീം പരീക്ഷയിൽ ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിക്കും

keam


കീം (കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ) പ്രവേശന പരീക്ഷ എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ആണ് ഇതുസംബന്ധിച്ച ഉത്തരവിന് അംഗീകാരം നൽകിയത്. അംഗീകൃത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് ഈ ആനുകൂല്യം ലഭിക്കുക. 2027-ലെ കീം പ്രോസ്പെക്ടസിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരീക്ഷയ്ക്കിടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ (ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പർഗ്ലൈസീമിയ) മൂലം വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ സുപ്രധാന നടപടി. നേരത്തെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രൊഫഷണൽ കോളേജുകളിലും നടത്തുന്ന പരീക്ഷകളിൽ ടൈപ്പ്-1 പ്രമേഹബാധിതർക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. പൊതുപ്രവർത്തകയായ ബുഷ്റ, ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ എന്നിവർ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടിയായി കീം പരീക്ഷയിലും ഇളവ് അനുവദിച്ചത്.

പരീക്ഷാഹാളിൽ അനുവദനീയമായ വസ്തുക്കൾ:

അധികസമയത്തിന് പുറമെ, ആരോഗ്യപരമായ ആവശ്യങ്ങൾക്കായി കൃത്യമായ പരിശോധനയ്ക്ക് ശേഷം താഴെ പറയുന്ന വസ്തുക്കൾ പരീക്ഷാഹാളിൽ കൈവശം വെക്കാനും വിദ്യാർഥികൾക്ക് അനുമതിയുണ്ടായിരിക്കും:

  • ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്
  • തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമായ സി.ജി.എം.എസ് (CGMS)
  • ഷുഗർ ടാബ്‌ലെറ്റുകൾ, കുടിവെള്ളം
  • ലഘുഭക്ഷണങ്ങൾ, പഴങ്ങൾ