തെറ്റിദ്ധരിപ്പിക്കുന്ന രേഖ സമർപ്പിച്ചു; പിവി അൻവറിനും 7 കുടുംബാംഗങ്ങൾക്കും എതിരെ നോട്ടിസ്
കക്കാടംപൊയിലിലെ ഭൂമിയുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎ തെറ്റിദ്ധരിപ്പിക്കുന്ന രേഖ സമർപ്പിച്ചെന്ന് പുതിയ റിപ്പോർട്ട്. പലപ്പോഴായി വാങ്ങിയ ഭൂമി കൈവശം വയ്ക്കാവുന്ന ഭൂപരിധിക്ക് പുറത്താണ്. അതുകൊണ്ട് 15 ഏക്കറിന് മുകളിലുള്ള കക്കാടംപൊയിലിലെ ഭൂമി ഏറ്റെടുക്കാവുന്നതാണ്. പിവിആർ എന്റർടെയ്ൻമെന്റ് എന്ന പേരിൽ പാർട്നർഷിപ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പാർക്കിനു വേണ്ടിയുള്ള ഭൂ ഉടമ്പടി പി.വി.അൻവറും ഭാര്യ അഫ്സത്ത് അൻവറും തമ്മിലാണ്. എന്നാൽ സ്റ്റാംപ് പേപ്പർ വാങ്ങിയത് മൂന്നാമതൊരു കക്ഷിയുടെ പേരിലാണ്. ഇത് സ്റ്റാംപ് നിയമത്തിനു വിരുദ്ധമാണ്. അൻവറിന്റെയും ഭാര്യയുടെയും പേരിൽ സ്ഥാപനം തുടങ്ങിയതിൽ ചട്ടലംഘനമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആക്ഷേപം അറിയിക്കാൻ ഇവർക്ക് 7 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. അൻവറിനെതിരായ മിച്ചഭൂമിക്കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
അൻവറിന്റെയും കുടുംബത്തിന്റെയും പക്കൽ ലാൻഡ് ബോർഡ് കണ്ടെത്തിയതിലും, കൂടുതൽ ഭൂമി ഉണ്ടെന്ന് പരാതിക്കാരനായ കെ.വി.ഷാജി വാദിച്ചിരുന്നു. ഇതോടെയാണ് രേഖകൾ ഹാജരാക്കാൻ അൻവറിന് ഇന്നലെ വരെ സമയം നൽകിയത്. എന്നാൽ കൈവശമുള്ള ഭൂമി സംബന്ധിച്ച് അൻവറോ കുടുംബാംഗങ്ങളോ ലാൻഡ് ബോർഡിനു മുമ്പിൽ വിശദ രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല.
അൻവറും കുടുംബവും അധിക ഭൂമി കൈവശം വയ്ക്കുന്നതായി ഷാജി ലാൻഡ് ബോർഡിനു കൂടുതൽ തെളിവു കൈമാറി. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തേ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി ബോർഡ് കണ്ടെത്തിയത്.
പി.വി.അൻവർ, ഒന്നാം ഭാര്യ ഷീജ, രണ്ടാം ഭാര്യ അഫ്സത്ത് എന്നിവർ അടക്കം 7 കുടുംബാംഗങ്ങൾക്കെതിരെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്. തൃക്കലങ്ങോട് വില്ലേജിലെ ഭൂമി വാങ്ങിയപ്പോൾ തന്നെ പി.വി.അൻവറിന്റെയും കുടുംബത്തിന്റെയും ഭൂപരിധി കഴിഞ്ഞിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനിടെ കുന്നമംഗലത്തും കക്കാടംപൊയിലിലും ഭൂമി വാങ്ങി. എല്ലാം ഭൂപരിധി ചട്ടങ്ങൾക്കു പുറത്താണെന്നാണ് താലൂക്ക് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ.