ലഹരി ഉപയോഗം കുടുംബ ജീവിതത്തെ ശിഥിലമാക്കുന്നു; ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുമെന്ന് വനിതാ കമ്മിഷന്‍

  1. Home
  2. Kerala

ലഹരി ഉപയോഗം കുടുംബ ജീവിതത്തെ ശിഥിലമാക്കുന്നു; ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുമെന്ന് വനിതാ കമ്മിഷന്‍

marriage


യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം കുടുംബ ജീവിതത്തെ ശിഥിലമാക്കുന്നുണ്ടെന്ന് വനിതാ കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ്, തദ്ദേശ സ്ഥാപനങ്ങൾ, ജാഗ്രതാ സമിതികൾ എന്നിവയുമായി ചേർന്ന് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുമെന്നും വനിത കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. 

30നും 40നും ഇടയിൽ പ്രായമുള്ളവരിൽ വിവാഹമോചനം ഉയരുകയാണ്. ഇവർക്കിടയിൽ ഗാർഹിക പീഡനവും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്നു. കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനു മുൻപ് തന്നെ പരിഹാരം കണ്ടെത്തുന്നതിനായി ജാഗ്രതാ സമിതികൾക്കുള്ള പരിശീലനം നടന്നു വരികയാണെന്നും കമ്മീഷൻ അംഗം പറഞ്ഞു.

സ്കൂളുകളിലും കോളജുകളിലും തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് തലത്തിലുമായി വിവിധ വിഭാഗങ്ങളിലുള്ളവർക്ക് കമ്മിഷൻ ബോധവത്കരണം നൽകുന്നുണ്ട്. വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലൂടെ വിവാഹത്തിന് മുൻപും ശേഷവും കൗൺസിലിംഗും നൽകുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിവാഹപൂർവ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് വനിതാ കമ്മീഷൻ സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

കാസർകോട് കളക്ടറേറ്റിൽ നടത്തിയ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അഡ്വ.പി.കുഞ്ഞായിഷ. സിറ്റിംഗിൽ 21 പരാതികൾ പരിഗണിച്ചു. ആറ് പരാതികൾ തീർപ്പാക്കി. 15 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. ഗാർഹിക പീഡനം, വഴി തർക്കം, സൈബർ കുറ്റകൃത്യങ്ങൾ, ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിന് നിയമ സഹായം എന്നിവയാണ് സിറ്റിംഗിൽ പരിഗണിച്ചതെന്നും ഇവർ പറഞ്ഞു.