തുവ്വൂർ കൊല: കാണാനില്ലെന്ന പോസ്റ്റ് ഷെയർ ചെയ്ത് വിഷ്ണു; വിഷയത്തിൽ യു ഡി എഫ് മാർച്ച് നടക്കാനിരിക്കെ അറസ്റ്റ്
തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കൊലക്കേസിലെ മുഖ്യപ്രതിയായ വിഷ്ണുവും സുജിതയ്ക്കുവേണ്ടിയുള്ള തിരച്ചിലിൽ സജീവമായിരുന്നു. സുജിതയുടെ തിരോധാനം പുറത്തുവന്നത് മുതൽ വിഷ്ണുവും അന്വേഷണത്തിനായി നാട്ടുകാർക്കൊപ്പം തുടക്കംമുതൽ പങ്കാളിയായിരുന്നു. സുജിതയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തുവ്വൂർ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് വിഷ്ണു. സുജിതയുടെ തിരോധാനത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി നാളെ രാവിലെ കരുവാക്കുണ്ട് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്താനിരിക്കെയാണ് വിഷ്ണു അറസ്റ്റിലാവുന്നത്.
പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഇത് പരാമവധി എല്ലാവരും ഷെയർ ചെയ്യണമെന്നും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും ഇയാൾ നിരന്തരം അഭ്യർത്ഥിച്ചിരുന്നു. സുജിതയെ കാണാനില്ലെന്ന് കാട്ടി കരുവാക്കുണ്ട് പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച അറിയിപ്പും ഇയാൾ ഷെയർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും തിരോധാനവുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകണമെന്നും ഇയാൾ പ്രാദേശിക മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞതായും നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രിയാണ് സുജിതയുടെ മൃതദേഹം വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തുന്നത്. കേസിൽ വിഷ്ണുവും സഹോദരങ്ങളും പിതാവും സുഹൃത്തും അറസ്റ്റിലായി. നേരത്തേ പഞ്ചായത്ത് ഓഫീസിൽ താൽക്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവും സുജിതയും തമ്മിൽ പരിചയമുണ്ടായിരുന്നതായും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് വിവരം. ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കൃത്യം നടത്തിയ ശേഷം യുവതിയുടെ ആഭരണങ്ങൾ പ്രതി കൈക്കലാക്കിയതായും വിവരമുണ്ട്.