വേനൽക്കാലം: കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ ജോലി സമയം ആറ് മണിക്കൂറായി കുറച്ചു

  1. Home
  2. Kerala

വേനൽക്കാലം: കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ ജോലി സമയം ആറ് മണിക്കൂറായി കുറച്ചു

kuwait


കനത്ത വേനൽക്കാലം കണക്കിലെടുത്ത് കുവൈത്തിൽ സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം ആറ് മണിക്കൂറായി കുറച്ചു. സിവിൽ സർവീസ് കൗൺസിലിന്റെ തീരുമാനപ്രകാരം സിവിൽ സർവീസ് കമ്മീഷനാണ് (CSC) ഇതുസംബന്ധിച്ച പുതിയ സർക്കുലർ പുറത്തിറക്കിയത്. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ സമയത്തിൽ ഒരു മണിക്കൂർ കുറച്ചാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ നിർദ്ദേശപ്രകാരം രാവിലെ 7:00 മുതൽ 8:00 മണി വരെ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ഹാജർ സമയം അനുവദിക്കും. ഏത് സമയത്ത് പ്രവേശിച്ചാലും ജീവനക്കാർ പ്രതിദിനം ആറ് പ്രവൃത്തി മണിക്കൂർ നിർബന്ധമായും പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. വൈകുന്നേരത്തെ ഷിഫ്റ്റുകൾ 5:00 മണിക്ക് ശേഷമാകും ആരംഭിക്കുക. ഈ ഷിഫ്റ്റിലുള്ളവർക്ക് തുടക്കത്തിൽ 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. കൂടാതെ, ഷിഫ്റ്റ് അവസാനിക്കുന്ന സമയത്ത് വനിതാ ജീവനക്കാർക്ക് 15 മിനിറ്റ് പ്രത്യേക ഗ്രേസ് പിരീഡ് ആനുകൂല്യവും ലഭിക്കും.

രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ ഉണ്ടാകുക. കടുത്ത വേനൽ കണക്കിലെടുത്ത് ഇതേ കാലയളവിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ 11:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ ജോലി ചെയ്യുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.