ക്രിസ്മസ്-പുതുവത്സരം കളറാക്കി സപ്ലൈകോ; 10 ദിവസം കൊണ്ട് സ്വന്തമാക്കിയത് 82 കോടിയുടെ വിറ്റുവരവ്
ക്രിസ്മസ്-പുതുവത്സര സീസണിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈകോ. ഡിസംബർ 22 മുതൽ ജനുവരി ഒന്ന് വരെയുള്ള പത്ത് ദിവസത്തിനുള്ളിൽ 82 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഇതിൽ 36.06 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ് ലഭിച്ചത്. ഡിസംബർ 25 പൊതുഅവധി ആയിരുന്നിട്ടും ഇത്രയും വലിയ നേട്ടം കൈവരിക്കാൻ സ്ഥാപനത്തിന് സാധിച്ചു.
പെട്രോൾ പമ്പുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പ്രത്യേക ഫെയറുകൾ എന്നിവയിൽ നിന്നുള്ള ആകെ കണക്കാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ആറ് ജില്ലകളിലാണ് സപ്ലൈകോ പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഒരുക്കിയിരുന്നത്. ഈ ഫെയറുകളിൽ നിന്ന് മാത്രം 74 ലക്ഷം രൂപയുടെ വരുമാനമുണ്ടായി.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഫെയറാണ് ഏറ്റവും കൂടുതൽ വരുമാനം സമാഹരിച്ചത്; 29.31 ലക്ഷം രൂപ. സാധാരണക്കാർക്ക് ആശ്വാസമായി സബ്സിഡി സാധനങ്ങൾ കൃത്യമായി വിതരണം ചെയ്തതും ഉത്സവകാലത്തെ തിരക്കും സപ്ലൈകോയ്ക്ക് തുണയായി. സപ്ലൈകോയുടെ ഈ സാമ്പത്തിക മുന്നേറ്റം വരും മാസങ്ങളിലും വിപണി ഇടപെടലുകൾ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
