സപ്ലൈകോയുടെ വിറ്റുവരവ് 391.75 കോടി; ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പന
ഓണക്കാലത്ത് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ മുന്നേറ്റം. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഓഗസ്റ്റ് ഒന്ന് മുതൽ മാത്രം 320 കോടി രൂപയുടെ വിൽപന നടന്നു.
കഴിഞ്ഞ വർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാല് വരെയുള്ള 35 ദിവസത്തിൽ സപ്ലൈകോയുടെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഇത്തവണ ഓണം ഫെയറുകളിലും സപ്ലൈകോ വിൽപനശാലകളിലും തിരക്ക് വർധിച്ചതോടെ 33 ദിവസത്തിനുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്ന വിറ്റുവരവ് നേടാനായി.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽനിന്ന് ഇതുവരെ 4.65 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽനിന്ന് മാത്രം 81 ലക്ഷം രൂപയുടെ വിൽപന നടന്നു.
ഉത്രാട ദിനമായ ഓഗസ്റ്റ് 25നും സപ്ലൈകോ വിൽപനശാലകളും ഓണം ഫെയറുകളും തുറന്ന് പ്രവർത്തിക്കും.
