'സുരേഷ് ഗോപി നല്ല നടനായി തുടരുന്നു; ഈ അഭിനയം മതിയാക്കിയില്ലെങ്കിൽ ജനങ്ങൾ 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന് ചോദിക്കും': ബിനോയ് വിശ്വം
സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും എന്നാൽ എപ്പോഴും ഈ അഭിനയം മതിയാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സുരേഷ് ഗോപി ഇത്തരത്തിൽ നാട്യം തുടര്‍ന്നാൽ ഓര്‍മയുണ്ടോ ഈ മുഖം എന്ന് ജനങ്ങള്‍ ചോദിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് സുരേഷ് ഗോപി ആംബുലന്‍സിൽ തൃശൂര്‍ പൂരം നഗരയിലെത്തിയത്. അത് തങ്ങളുടെ മിടുക്കാണെന്നാണ് ബിജെപി പറഞ്ഞത്. ആ മിടുക്കിന്‍റെ ഗുണഭോക്താവാണ് സുരേഷ് ഗോപി. ആംബുലൻസ് ഉപയോഗിക്കുന്നതിന് ചട്ടങ്ങൾ ഉണ്ട്. സുരേഷ് ഗോപി ഈ ചട്ടങ്ങൾ ലംഘിച്ചു
രോഗികളുടെ ചികിത്സക്ക് വേണ്ടിയും ജീവൻരക്ഷിക്കാൻ വേണ്ടിയും മാത്രം ഉപയോഗിക്കേണ്ട ആംബുലന്‍സ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിച്ചു. ഇത്തരത്തിൽ ആംബുലന്‍സ് ദുരുപയോഗം ചെയ്തതിൽ പ്രതി അന്നത്തെ സ്ഥാനാര്‍ത്ഥിയും ഇന്ന് എംപിയുമായ സുരേഷ് ഗോപിയാണ്. തൃശൂര്‍ ബിജെപി നേതൃത്വം എന്താണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാം.
ആംബുലന്‍സിൽ കൊണ്ടുപോയത് അവര്‍ സമ്മതിച്ചിട്ടുള്ള കാര്യമാണ്. സിനിമയുടെ അവസ്ഥയിൽ നിന്ന് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ അതിന് അദ്ദേഹം മറുപടി പറയണം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ മനസിലാകാനുള്ള വിവേകമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.