സസ്‌പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ്

  1. Home
  2. Kerala

സസ്‌പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ്

sisa thomas


കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷൻ നേരിടുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് വൈസ് ചാൻസലർ സിസ തോമസ്. വിദ്യാർത്ഥികൾക്ക് മതിയായ ഹാജരില്ലെന്നും അതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വി.സി അപ്പീൽ നൽകിയത്. വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് തടയാനായി സർവകലാശാല തന്നെ കോടതിയെ സമീപിക്കുന്നത് സർവകലാശാലാ ചരിത്രത്തിൽ അപൂർവ്വ സംഭവമാണ്.

വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി വെബ്‌സൈറ്റ് തുറന്നുകൊടുക്കാൻ കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും സർവകലാശാല ഇതിന് തയ്യാറായിരുന്നില്ല. കോടതി വിധി മാനിക്കാതെ രജിസ്ട്രേഷൻ നിഷേധിച്ച നടപടിക്കെതിരെ വിദ്യാർത്ഥികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വി.സിക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ 62 ദിവസം പിന്നിടുകയാണ്. പ്രതികാര ബുദ്ധിയോടെയാണ് വി.സി പെരുമാറുന്നതെന്നാണ് എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളുടെ ആരോപണം.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സിൻഡിക്കേറ്റ് യോഗത്തിനിടെ വി.സി സിസ തോമസിനെ തടഞ്ഞുവച്ച് പ്രതിഷേധിച്ചതിന് യൂണിയൻ ചെയർമാനും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമടക്കം 16 വിദ്യാർത്ഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. ഓഗസ്റ്റ് 13-ന് പ്രവർത്തിക്കാത്ത ലൈറ്റുകളുടെ ശവമഞ്ചവുമായെത്തിയ പ്രതിഷേധക്കാർ വി.സിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും തടഞ്ഞുവെക്കുകയും ഔദ്യോഗിക വാഹനം നശിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി.