കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

  1. Home
  2. Kerala

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

bomb threat in kerala highcourt security


കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ചട്ടങ്ങൾ പാലിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സർവകലാശാല നിയമവും പരിഗണിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വൈസ് ചാൻസലർ നൽകിയ അപ്പീൽ കോടതി അംഗീകരിച്ചു.

വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തെ തുടർന്നാണ് വിദ്യാർഥികളെ 60 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഹാജർ നിലയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു.സസ്‌പെന്‍ഷനിലുള്ള പിജി വിദ്യാര്‍ത്ഥികളായ ഏഴ് പേരുടെ പരീക്ഷ നാളെയാണ് നടക്കുന്നത്.

അതേസമയം, കോടതി വിധിയിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. മാപ്പെഴുതി നൽകി സർവകലാശാലയുടെ നടപടികൾക്ക് വഴങ്ങില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. അതിനിടെ, മാപ്പെഴുതി നൽകിയാൽ വിദ്യാർഥികളെ തിരിച്ചെടുക്കാമെന്നായിരുന്നു സർവകലാശാലയുടെ നിലപാട്.

വിദ്യാർഥികൾക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് മുൻ വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇന്നലെ വൈകിട്ടുമുതൽ വിദ്യാർഥികൾ നിരാഹാര സമരവും ആരംഭിച്ചിരുന്നു.