കാലടി സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി; മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം

  1. Home
  2. Kerala

കാലടി സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി; മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം

IMAGE


മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ബാനറുകളും പ്ലക്കാർഡുകളുമായി പ്രവർത്തകർ വേദിയിലെത്തിയത്. മന്ത്രിയെ വളഞ്ഞുനിന്ന് പ്രതിഷേധിച്ച പ്രവർത്തകർ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ചാണ് സസ്‌പെൻഷൻ നടപടിയെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. നടപടി 60 ദിവസം പിന്നിട്ടിട്ടും വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിലും സംഘടന പ്രതിഷേധിച്ചു.

സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, ശുദ്ധജലം ലഭ്യമാക്കുക, സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്.എഫ്.ഐ ഉന്നയിച്ചു. പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ബിരുദദാന ചടങ്ങ് തടസപ്പെടുത്തുകയോ മന്ത്രിയെ ആക്രമിക്കുകയോ ആയിരുന്നില്ല ലക്ഷ്യമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രി തയ്യാറായില്ലെന്നും എസ്.എഫ്.ഐ ആരോപിച്ചു.