സയ്യിദ് മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്കെതിരെ കേരളത്തിന് 29 റൺസ് തോൽവി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. ആന്ധ്രാപ്രദേശിനെതിരെ 29 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ മികച്ച തുടക്കം നൽകിയെങ്കിലും ഇന്നിങ്സ് അധികനേരം നീണ്ടില്ല. 13 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റൺസെടുത്ത സഞ്ജു പുറത്തായി. 35 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ അബ്ദുൽ ബാസിതാണ് കേരളത്തിനായി തിളങ്ങിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആന്ധ്രയ്ക്ക് ഷെയ്ഖ് റഷീദിന്റെയും സീറാം വെങ്കട്ട രാഹുലിന്റെയും ബാറ്റിങ്ങാണ് മികച്ച സ്കോർ സമ്മാനിച്ചത്. റഷീദ് 39 പന്തിൽ 60 റൺസും വെങ്കട്ട രാഹുൽ 30 പന്തിൽ 64 റൺസും നേടി. കേരളത്തിനായി എം.ഡി. നിധീഷ് മൂന്ന് വിക്കറ്റും ബിജു നാരായണൻ രണ്ട് വിക്കറ്റും വീഴ്ത്തി.
