ആശയം മോഷ്ടിച്ചു; മേതില്‍ ദേവികയുടെ ‘ക്രോസ്സ് ഓവർ’ നൃത്തരൂപത്തിനെതിരെ സിൽവി മാക്സി മേന
ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐഎസ്എല്‍) മുദ്രകൾ ഉൾപ്പെടുത്തി ‘ബധിര വിഭാഗക്കാർക്കായി നവീനമായ നൃത്തലോകം തുറക്കുന്നു’ എന്ന ശീർഷകത്തിലാണ് ‘ക്രോസ് ഓവർ’ പ്രചരിക്കുന്നത്.
എന്നാല്‍ ഏഴ് വർഷം മുൻപ് സിൽവി മാക്സി മേന എന്ന അധ്യാപിക ബധിര വിദ്യാർത്ഥികൾക്കായി ചിട്ടപ്പെടുത്തിയ ‘മുദ്രനടനം’ സൈൻ ലാംഗ്വേജ് മാത്രം ഉൾപ്പെടുത്തിയ ഒന്നാണ്. ഈ ആശയം പകർത്തി അവതരിപ്പിച്ച ശേഷം സമാനതകളില്ലാത്തത് എന്ന് പറയുന്നത് അസംബന്ധമാണെന്ന് സിൽവി മാധ്യമങ്ങളോട് പറഞ്ഞു.
മേതിൽ ദേവികയുടെ നൃത്തരൂപത്തിന്റെ ടീസർ പുറത്തിറക്കിയത് മോഹൻലാലിന്റെയും ഗോപിനാഥ് മുതുകാടിന്റെയും ഫേസ്ബുക് പേജിലൂടെയാണ്. സമാനതകളില്ലാത്തത് എന്ന വിശേഷണത്തോടെയാണ് ടീസർ പ്രശസ്ത വ്യക്തികളുടെ എഫ്ബി പേജിൽ പ്രത്യക്ഷപ്പെട്ടത്.
‘2016 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ എന്റെ വിദ്യാർത്ഥികൾക്കായി ഞാൻ ചിട്ടപ്പെടുത്തിയ നൃത്ത രൂപമാണ് മുദ്രനടനം. വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഉൾപ്പെടുത്തി രൂപകല്പന ചെയ്തതാണിത്.
2019ലെ സൂര്യാ ഫെസ്റ്റിൽ ഉൾപ്പെടെ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. അതിന് തൊട്ട്പിന്നാലെ മേതിൽ ദേവിക നിഷിൽ എത്തി കുറഞ്ഞ സമയത്തില്‍ സൈൻ ലാംഗ്വേജ് പഠിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. അങ്ങനെ പറ്റില്ലെന്ന് അറിഞ്ഞതോടെ അവർ മടങ്ങി.
വർഷങ്ങൾ നീണ്ട പരിശ്രമം വേണം സൈൻ ലാംഗ്വേജ് വഴങ്ങാൻ. പിന്നെ എങ്ങനെ ഒരാൾക്ക് കുറഞ്ഞ കാലയളവിൽ അത് പഠിച്ച് നൃത്തശില്പം ചെയ്യാൻ സാധിക്കും. മാത്രമല്ല ആദ്യമായി ഒരാൾ ബധിരർക്കായി നൃത്തരൂപം കണ്ടുപിടിച്ചെന്ന തരത്തിലാണ് പ്രചരണം. അതിനെ പ്ലേജറിസം എന്നാണ് പറയുക’ – സിൽവി പറയുന്നു
ഇന്ത്യൻ സൈൻ ലാംഗ്വേജ് ഏകീകൃതമായിട്ട് 20 വർഷത്തിനകത്തെ ആകുന്നുള്ളു. എ, ബി, സി എന്ന മൂന്ന് ലെവലുകൾ പാസാകണം ഈ ഭാഷയിൽ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കാൻ. അതിന് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവുമുണ്ട്.
ബധിരർ മാത്രമേ സൈൻ ലാംഗ്വേജ് പഠിപ്പിക്കാൻ പാടുള്ളു എന്ന് വ്യവസ്ഥയുണ്ട്. മറ്റുള്ളവർക്ക് സൈൻ ലാംഗ്വേജ് ഇന്റര്‍പ്രെട്ടര്‍ ആകാം, പക്ഷെ പഠിപ്പിക്കാൻ പാടില്ല.
എന്നാൽ മേതിൽ ദേവിക എ ലെവൽ മാത്രം പാസായ ഒരു ഇന്റര്‍പ്രെട്ടറിൽ നിന്നാണ് ഏകദേശ ധാരണയുണ്ടാക്കിയതെന്ന് അറിയാൻ കഴിഞ്ഞു. അവർ അവകാശപ്പെടുന്ന ഐഎസ്എല്‍ പഠനം അങ്ങനെയാണെങ്കിൽ, അത് ചട്ടവിരുദ്ധമാണെന്ന് സിൽവി പറഞ്ഞു.
സമ്പൂർണ്ണമായും ഐഎസ്എല്‍ മുദ്രകളിലുള്ള മുദ്രനടനം പോലും അവതാരകയുടെ മനസിലുള്ള ആശയത്തെ അതേപടി ശ്രവണപരിമിതരിലേക്ക് എത്തിക്കാൻ പര്യാപ്തമല്ല.
അങ്ങനെയിരിക്കെ വളരെ കുറച്ച് മാത്രം സൈനുകള്‍ ഉൾപ്പെടുത്തിയ ‘ക്രോസ്സ് ഓവർ’ ബധിരർക്കായുള്ള നൃത്തമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നാണ് പന്ത്രണ്ടു വർഷമായി നിഷിലെ അധ്യാപികയായ സിൽവി ചോദിക്കുന്നത്. കോളജ് കാലം മുതൽ സൈൻ ലാംഗ്വേജിനോടുള്ള താല്പര്യം കൊണ്ട് അത് പഠിക്കുന്ന ആളാണ് സിൽവി.
പത്രപ്രവർത്തന രംഗത്തു നിന്നാണ് സിൽവി ഭിന്നശേഷി വിഭാഗക്കാർക്കിടയിലേക്ക് ചുവടുറപ്പിക്കുന്നത്. ക്ലാസിക് കൃതികൾ ശ്രവണ പരിമിതരായ കുട്ടികൾക്ക് പരിചയപ്പെടുത്താനും സൈൻ ലാംഗ്വേജ് പൊതു സമൂഹത്തിന് സുപരിചിതമാക്കാനും വേണ്ടിയാണ് മുദ്രനടനം എന്ന ആശയം സിൽവി വികസിപ്പിച്ചത്.
ആദ്യം വിദ്യാർത്ഥികളെ പാട്ടുകൾ പഠിപ്പിച്ചു പിന്നീട് നൃത്തത്തിലേക്ക് എത്തി. സ്വാതി തിരുനാളിന്റെ ‘അളിവേണി എന്തു ചെയ്‌വു …’ എന്ന കൃതി, സിൽവിയുടെ ആംഗ്യവിക്ഷേപങ്ങൾക്ക് അനുസരിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എന്നാൽ മേതിൽ ദേവികയുടെ വീഡിയോ അവതരണത്തിൽ, മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ ആസ്വാദനദൃശ്യമുണ്ട്. അവർ നൃത്തം മനസിലായതു കൊണ്ട് കാണിക്കുന്ന ഭാവങ്ങൾ എന്ന പോലെയാണ് വിഡീയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാൽ സത്യം മറ്റൊന്നാണ്. നൃത്തം തുടങ്ങും മുൻപ് അവരോട് പറഞ്ഞു കൊടുത്ത ഒരു കഥയ്ക്ക് അവർ പ്രതികരിച്ച ഭാവമാണ് നൃത്തത്തിനുള്ള കയ്യടിയായി എഡിറ്റു ചെയ്തു തിരുകിക്കയറ്റിയതെന്ന് കുട്ടികളിൽ നിന്ന് അറിയാൻ കഴിഞ്ഞതായും, ഇങ്ങനെ ബധിരരായവരുടെ ഹൃദയനൈർമല്യത്തെ ചൂഷണം ചെയ്യുന്നത് വേദനിപ്പിക്കുന്നതാണെന്നും ഈ അധ്യാപിക പറയുന്നു .
ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷി വിഭാഗക്കാരെ സിൽവി മുദ്രനടനം പരിശീലിപ്പിച്ചിരുന്നു.
‘ടീസർ റിലീസ് ചെയ്ത ശേഷം അതിലെ സമാനതകളില്ലാത്ത നൃത്തം എന്ന പ്രയോഗത്തെക്കുറിച്ച് മുതുകാടിനോട് ചോദിച്ചിരുന്നു. “ഞാനതറിഞ്ഞില്ല; ഇപ്പോൾ ഒമാനിലാണ്. എന്റെ ഓഫിസിൽ നിന്നാണ് ഫേയ്സ് ബുക്കിൽ അത് പോസ്റ്റു ചെയ്യപ്പെട്ടത്. വാക്കും വരികളുമെല്ലാം മേതിൽ ദേവികയുടേതാണ്. ക്ഷമിക്കണം”‘ എന്നാണ് ഗോപിനാഥ് മുതുകാട് എന്നോട് പ്രതികരിച്ചത്’- സിൽവി പറഞ്ഞു.
ഐഎസ്എല്ലിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ മേതിൽ ദേവിക അത് ഗൗരവത്തോടും ആത്മാർത്ഥതയോടും കൂടി അഭ്യസിക്കട്ടെ എന്നാണ് സിൽവി ടീച്ചറിന്റെ പക്ഷം.