നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ കേരളത്തിലെത്തും
നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. തൃശ്ശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ നടക്കുന്ന ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും. വിപുലമായ നവരാത്രി ആഘോഷങ്ങൾക്കാണ് കല്യാൺ ഗ്രൂപ്പ് ഒരുങ്ങുന്നത്. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സജ്ജീകരിച്ചിരിക്കുന്ന ‘പെരിയാർ അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം നാളെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിർവഹിക്കും. തുടർന്ന് കോയമ്പത്തൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം അവിടെ നിന്ന് ഹെലികോപ്റ്ററിൽ കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനും വിജയ് പദ്ധതിയിടുന്നതായാണ് വിവരം.
