പുതിയ കുടുംബത്തോടൊപ്പം സന്തോഷവാൻ; അരിക്കൊമ്പന്റെ പുതിയ ചിത്രം പങ്കുവച്ച് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പൻ ആരോഗ്യവാനായിരിക്കുന്നുവെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്റെ തൊട്ടടുത്ത് ആനക്കൂട്ടം ഉണ്ടെന്ന് അറിയിച്ച വനംവകുപ്പ് കാട്ടാനയുടെ പുതിയ ചിത്രവും പുറത്തുവിട്ടു. തേനി ജില്ലയിലെ കമ്പത്ത് നിന്നും പിടികൂടി തിരുനൽവേലിയിലെ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നുവിട്ടത്. ആനക്കൂട്ടത്തോട് ഇണങ്ങിയ അരിക്കൊമ്പൻ ഇവയോട് തെറ്റിപ്പിരിഞ്ഞ് ഇപ്പോൾ ഒറ്റയ്ക്കാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് വനം വകുപ്പിന്റെ വിശദീകരണം.
ആന ഇപ്പോൾ അപ്പർ കോടയാറിലാണ് ഉള്ളതെന്ന് വനം വകുപ്പ് പറയുന്നു. ഓഗസ്റ്റ് 19നും 20നും ഇവിടെ പരിശോധന നടത്തിയിരുന്നു. ആരോഗ്യവാനായ അരിക്കൊമ്പൻ ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നത്. ആനയുടെ സഞ്ചാര ദിശ റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്. ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തിൽ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ കുടുംബത്തിൽ ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു.