താനൂർ കസ്റ്റഡി മരണം; 8 പോലീസുദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണസംഘം

താനൂർ കസ്റ്റഡിമരണത്തിൽ പ്രതികളായ എട്ടു പോലീസുദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. താനൂർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആർ.ഡി. കൃഷ്ണലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ഡാൻസാഫ് അംഗങ്ങളായ ജിനേഷ്, അഭിമന്യു, കൽപ്പകഞ്ചേരി സ്റ്റേഷനിലെ വിപിൻ, പരപ്പനങ്ങാടി സ്റ്റേഷനിലെ ആൽബിൻ അഗസ്റ്റിൻ എന്നിവർക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്.
താമിർ ജിഫ്രി ക്രൂരമർദനത്തിനു ഇരയായതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. ദേഹത്ത് 21 പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. അമിതമായ അളവിലുള്ള മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതാണ് മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്. കസ്റ്റഡിമരണത്തിൽ പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.