ടിസിഎസ് ലൈംഗികാതിക്രമക്കേസ്; ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

  1. Home
  2. Kerala

ടിസിഎസ് ലൈംഗികാതിക്രമക്കേസ്; ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

TCS


ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തനശ്രമം എന്നീ കേസുകളിലെ പ്രധാന പ്രതിയും എച്ച്ആർ മാനേജറുമായ നിദ ഖാൻ അറസ്റ്റിലായി. 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ നാല് ദിവസമായി ഛത്രപതി സംഭജിനഗറിലെ കൈസർ കോളനിയിലുള്ള ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഒളിവിൽ കഴിയുകയായിരുന്നു നിദ ഖാൻ. നാസിക് എസ്.ഐ.ടി, ഛത്രപതി സംഭജിനഗർ പോലീസ്, ക്രൈം ബ്രാഞ്ച് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021-ൽ ടിസിഎസിൽ പ്രോസസ് അസോസിയേറ്റായി ചേർന്ന നിദ ഖാനെ പരാതികൾ ഉയർന്നതിനെത്തുടർന്ന് കമ്പനി സസ്പെൻഡ് ചെയ്തിരുന്നു.

ടിസിഎസിലെ ബിപിഒ യൂണിറ്റിലെ ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 9 എഫ്.ഐ.ആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയുമുൾപ്പെടെ എട്ടു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിദ ഖാനെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി നാസിക്കിലേക്ക് കൊണ്ടുപോയി.