ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ ക്രൂരത; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ചു
ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയെല്ല് പൊട്ടി. മലപ്പുറം കല്ലിങ്ങൽ എം.എസ്.എം.എച്ച്.എസ്.എസിലെ (MSMHSS) വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ രക്ഷിതാക്കൾ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകി.
ക്ലാസ് മുറിയിൽ ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് പുറകിലൂടെ വന്ന അധ്യാപകൻ വലിയ ചൂരൽ ഉപയോഗിച്ച് കൈപ്പത്തിക്ക് മുകൾഭാഗത്തായി അതിശക്തമായി അടിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥിനി പറഞ്ഞു. ക്രൂരമായി മർദ്ദിച്ചതിന് ശേഷവും വേദന കൊണ്ട് പുളഞ്ഞ കുട്ടിയെക്കൊണ്ട് അധ്യാപകൻ ബോർഡിൽ എഴുതിപ്പിച്ചു. പിന്നീട് കുട്ടിയുടെ കൈ വലിയ രീതിയിൽ വീർത്തുവരുന്നത് കണ്ടതോടെയാണ് മർദ്ദിച്ച അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് വിവരം വീട്ടിൽ വിളിച്ചറിയിച്ചത്.
കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. അധ്യാപകർ കുട്ടിയെ വീട്ടിലെത്തിച്ച ശേഷമാണ് രക്ഷിതാക്കൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് കൈയിലെ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷനും പൊലീസും സ്കൂൾ അധികൃതർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
