'ടീം യു.ഡി.എഫ് തകർന്നു തരിപ്പണമായി, സംസ്ഥാനം ഭരിക്കുന്നത് ഒരു പവർ ഗ്രൂപ്പ്'; യു.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
യു.ഡി.എഫ് സർക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. അധികാരത്തിലേറി ആറ് മാസം പിന്നിട്ടപ്പോൾ തന്നെ 'ടീം യു.ഡി.എഫ്' തകർന്നു തരിപ്പണമായെന്നും, രൂക്ഷമായ ഗ്രൂപ്പ് വഴക്കും മുന്നണി തർക്കങ്ങളും സംസ്ഥാനത്തെ പൂർണ്ണമായ ഭരണസ്തംഭനത്തിലേക്ക് നയിച്ചെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രി ഉൾപ്പെടുന്ന ഒരു പവർ ഗ്രൂപ്പാണ് നിലവിൽ കേരളത്തെ ഭരിക്കുന്നതെന്നും, കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതും പരസ്പരം അവിശ്വാസമുള്ളതുമായ ഈ മന്ത്രിസഭ കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിസഭാ യോഗത്തിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതായും, മുഖ്യമന്ത്രി തന്നെ അത് സമ്മതിച്ചതായും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ ഗ്രൂപ്പും കെ.സി. വേണുഗോപാൽ ഗ്രൂപ്പും തമ്മിലുള്ള പോര് തീർക്കാൻ നേതാക്കൾ ഡൽഹിയിൽ ഹൈക്കമാൻഡിന് മുന്നിൽ കെട്ടിക്കിടക്കേണ്ട അവസ്ഥയാണെന്നും, ഇത്തരമൊരു മന്ത്രിസഭയ്ക്ക് എങ്ങനെ വികസന തുടർച്ച ഉറപ്പാക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി പ്രവർത്തിക്കുന്നത് പോലെ, കേരളത്തിൽ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികൾ പൂർണ്ണമായും നിലച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. വയനാട്ടിലേക്കുള്ള തുരങ്കപാതയുടെ പഠനം നിലച്ചതായും, ദേശീയപാത 66-ന്റെ വികസനത്തിൽ സർക്കാരിന് യാതൊരു ശ്രദ്ധയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ടെൻഡർ നടപടികൾ പൂർത്തിയായ പ്രവൃത്തികൾ പോലും നടക്കാത്തതിനാൽ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാകുമെന്നും, ഉദ്യോഗസ്ഥർക്കിടയിലും തികഞ്ഞ അനാസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടമലക്കുടി ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടിയ നിലയിലാണെന്നും അവിടെ യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നും ആരോപിച്ച എം.വി. ഗോവിന്ദൻ, ഇതിനിടയിൽ വകുപ്പ് മന്ത്രി ഷാജി കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ അനുമതിയില്ലാതെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്ക് വിദേശയാത്ര പോയതായി വിവരാവകാശ രേഖകളിലൂടെ വ്യക്തമായെന്നും വെളിപ്പെടുത്തി. വൈദ്യുതി കരാറുമായും നിരക്കുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ വിവരങ്ങളെല്ലാം കളവാണെന്നും, ഡി.സി.സി നേതാക്കളുൾപ്പെടെ കൈക്കൂലി വാങ്ങുന്ന സർവ്വതല സ്പർശിയായ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്നും, കഴിഞ്ഞ ആറ് മാസത്തിനിടെ അരിവില മാത്രം 40 ശതമാനം വർദ്ധിച്ചതായും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
