തടിയന്റമോൾ ട്രക്കിങ്ങിന് താൽകാലിക വിലക്ക്; സോളോ ട്രക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി കർണാടക വനംവകുപ്പ്

  1. Home
  2. Kerala

തടിയന്റമോൾ ട്രക്കിങ്ങിന് താൽകാലിക വിലക്ക്; സോളോ ട്രക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി കർണാടക വനംവകുപ്പ്

trekking


കുടകിലെ തടിയന്റമോൾ മലനിരകളിൽ മലയാളി യുവതി ശരണ്യയെ ട്രക്കിങ്ങിനിടെ കാണാതായ സംഭവത്തെത്തുടർന്ന് കർശന സുരക്ഷാനടപടികളുമായി കർണാടക വനംവകുപ്പ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തടിയന്റമോൾ ട്രക്കിങ് പാത ഏപ്രിൽ 11 വരെ താൽക്കാലികമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ ശരണ്യയെ സുരക്ഷിതയായി കണ്ടെത്തിയെങ്കിലും വനമേഖലയിലെ അപകടസാധ്യതകൾ മുൻനിർത്തിയാണ് വനംവകുപ്പിന്റെ ഈ നീക്കം.

ട്രക്കിങ് പാതകളിൽ കൃത്യമായ ദിശാസൂചകങ്ങൾ സ്ഥാപിക്കുമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പരിഷ്കരിക്കുമെന്നും മടിക്കേരി ഡിസിഎഫ് അഭിഷേക് അറിയിച്ചു. സോളോ ട്രക്കിങ്ങിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിനൊപ്പം, കുമാരപർവ്വതം പോലുള്ള മറ്റ് പ്രധാന ട്രക്കിങ് പാതകളിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് വനംവകുപ്പിന്റെ പരിഗണനയിലാണ്. പരിചയസമ്പന്നരായ സഞ്ചാരികൾ പോലും അപരിചിതമായ പാതകളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

യാത്രയ്ക്ക് മുൻപ് റൂട്ടുകളെക്കുറിച്ച് കൃത്യമായ പഠനം നടത്തണമെന്നും വിക്കിലോക്ക് (WikiLoc), മാപ്‌സ് മീ (Maps.me) തുടങ്ങിയ ആപ്പുകളുടെ സഹായം തേടണമെന്നും 'ട്രക്ക് ആൻഡ് ടെയിൽസ്' സഹസ്ഥാപക മേഘ്ന കുശാലപ്പ നിർദ്ദേശിച്ചു. ഫ്ലാഷ്‌ലൈറ്റ്, വിസിൽ, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ അവശ്യവസ്തുക്കൾ കൈയിൽ കരുതേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. വരുംദിവസങ്ങളിൽ കർണാടകയിലെ വനമേഖലകളിൽ ട്രക്കിങ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് വനംവകുപ്പിന്റെ നീക്കം.