കേരളത്തില്‍ 55 തീവണ്ടികളുടെ താത്‌കാലിക സ്റ്റോപ്പ് തുടരും; 21 സ്റ്റേഷനുകളിലാണ് ഇത് തുടരുക

  1. Home
  2. Kerala

കേരളത്തില്‍ 55 തീവണ്ടികളുടെ താത്‌കാലിക സ്റ്റോപ്പ് തുടരും; 21 സ്റ്റേഷനുകളിലാണ് ഇത് തുടരുക

train


കേരളത്തില്‍ 55 തീവണ്ടികള്‍ക്ക് ആറുമാസം പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പ് തുടരും. 21 സ്റ്റേഷനുകളിലാണ് ഓഗസ്റ്റുമുതല്‍ ആറുമാസം സ്റ്റോപ്പ് അനുവദിച്ചത്.

പരശുറാമിന് ചെറുവത്തൂർ, മലബാറിന് ചാലക്കുടി, കുറ്റിപ്പുറം, ഏറനാടിന് പഴയങ്ങാടി, മാവേലിക്ക്, തിരൂർ, ഹംസഫറിന് കണ്ണൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഇതില്‍പ്പെടും. 2023-ല്‍ ദക്ഷിണ റെയില്‍വേയില്‍ 197 വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതില്‍പെട്ടതാണ് ഈ സ്റ്റോപ്പുകള്‍.

അതേസമയം സ്റ്റേഷനുകള്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിലെ നൂറോളം ചെറു സ്റ്റേഷനുകളില്‍ ഇപ്പോഴും പാതിരാതീവണ്ടികള്‍ നിർത്തുന്നില്ല.

രാത്രി പന്തണ്ടിനും പുലർച്ചെ നാലിനും ഇടയില്‍ നിർത്തിയിരുന്ന ചെറുസ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കാത്തത്. കോവിഡിനുശേഷമാണ് സ്റ്റോപ്പുകള്‍ കുറച്ചത്. മലബാറിന് ഇരിഞ്ഞാലക്കുട സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റിന് ചെറുവത്തൂർ, കണ്ണപുരം സ്റ്റോപ്പില്ല. തിരുവനന്തപുരം-വരാവല്‍ (16334) കൊയിലാണ്ടി, വടകര, പയ്യന്നൂർ നിർത്തില്ല. പുണെ-കന്യാകുമാരി (16381) എക്സ്‌പ്രസിന് വടക്കാഞ്ചേരി, ഇരിഞ്ഞാലക്കുട, ചാലക്കുടി സ്റ്റോപ്പില്ല. അതേസമയം, ഒരു റൂട്ടില്‍ നിർത്തുകയും തിരിച്ചുപോകുമ്ബോള്‍ നിർത്താതെയും പോകുന്ന വണ്ടികളുണ്ട്. നിസാമുദ്ദീൻ-എറണാകുളം മംഗളയ്ക്ക് (12618) പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാട്, പഴയങ്ങാടി, ഫറോക്ക് സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞു. എന്നാല്‍ എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് പോകുന്ന വണ്ടി (12617) ഈ സ്റ്റോപ്പുകളില്‍ നിർത്തും.

സ്റ്റോപ്പുകള്‍ നിലനിർത്താൻ നിലവിലെ സാഹചര്യത്തില്‍ ചെറിയ സ്റ്റേഷനുകള്‍ക്ക് സാധ്യമല്ല. എക്‌സ്‌പ്രസ്, മെയില്‍ വണ്ടികള്‍ നിർത്തണമെങ്കില്‍ ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ യഥാക്രമം 16,672 രൂപ, 22,442 രൂപ ഈ വണ്ടികള്‍ക്ക് വരുമാനം കിട്ടണം. നേരത്തേ ഇത് യഥാക്രമം 4376 രൂപയും 5396 രൂപയായിരുന്നു.