സോൺടയുമായുള്ള കരാർ അവസാനിപ്പിക്കുന്നു; കമ്പിനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കൊച്ചി കോർപ്പറേഷൻ

ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് സോണ്‍ട കമ്പനിക്ക് കോര്‍പറേഷന്‍ കത്തു നല്‍കിയിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ മറുപടി നല്‍കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് സോൺടയുമായുള്ള കരാര്‍ റദ്ദാക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ സോണ്‍ട കമ്പിനിയും വിവാദത്തിലായിരിന്നു. സോണ്‍ടയെ ഒഴിവാക്കണമെന്ന് പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനു വേണ്ട നടപടികളാണ് കൊച്ചി കോര്‍പറേഷന്‍ ഇപ്പോൾ ചെയ്യുന്നത്.
ബ്രഹ്‌മപുരത്തെ ബയോ മൈനിങ്ങിലുണ്ടായ വീഴ്ച, തീപ്പിടിത്തം എന്നീ കാര്യങ്ങൾ മുൻനിർത്തിയാണ് സോണ്‍ടയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി കിട്ടിയ ശേഷം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേർന്ന് ഇത് സംബന്ധിച്ച് തീരുമാനം തീരുമാനമെടുക്കും.
സോൺട കമ്പനിയെ സര്‍ക്കാര്‍ വഴിവിട്ടു സഹായിക്കുന്നെന്ന പ്രതിപക്ഷ ആരോപണം സർക്കാർ തള്ളി. നിയമപരമായ നടപടിക്രമങ്ങളിലൂടെ സോണ്‍ടയുമായുള്ള കരാര്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.