'ഒന്നായി തുടരാൻ ഒപ്പം നിന്നതിന് നന്ദി'; വോട്ടർമാരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

  1. Home
  2. Kerala

'ഒന്നായി തുടരാൻ ഒപ്പം നിന്നതിന് നന്ദി'; വോട്ടർമാരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

pinarayi


പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. "ഒന്നായി തുടരാൻ ഒപ്പം നിന്നതിന് നന്ദി" എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കടുത്ത വേനൽച്ചൂടിനെ അവഗണിച്ചും ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന ജനങ്ങൾ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധമാണ് വെളിവാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചുരുങ്ങിയ പ്രചാരണ സമയം മാത്രമാണ് ഇത്തവണ ലഭിച്ചതെങ്കിലും അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹായിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, കേന്ദ്രസേന, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി ആർസി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ മുഖ്യമന്ത്രി, വികസനത്തിന് ഇടവേളയുണ്ടാകരുത് എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ആവർത്തിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, വി. ശിവൻകുട്ടി, കെ.ബി. ഗണേഷ് കുമാർ എന്നിവരും വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തി. പ്രചാരണത്തിലുടനീളം ലഭിച്ച മുൻതൂക്കം വിജയത്തിലേക്ക് നയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.