യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും ; 40 ആക്കാനുള്ള ആവശ്യം തള്ളി

  1. Home
  2. Kerala

യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും ; 40 ആക്കാനുള്ള ആവശ്യം തള്ളി

youth congress


യൂത്ത് കോൺഗ്രസിന്റെ അംഗത്വത്തിനുള്ള പരമാവധി പ്രായപരിധി 35 വയസ്സായി തുടരും. ഇത് 40 വയസ്സായി ഉയർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ ഉയർത്തിയ ആവിശ്യം തള്ളി. 12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയർത്തുന്നതിൽ എതിർപ്പ് അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ.40 വയസ്സ് ആക്കണമെന്ന പ്രമേയം പാസ്സ് ആക്കിയെന്ന ഒരു മാധ്യമത്തിന്റെ പ്രചാരണം തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രായപരിധി 35ൽ നിന്ന് 40 വയസ്സാക്കണമെന്ന് സംഘടനാച്ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യപ്പെട്ടത്.

സംഘടനാരംഗത്ത് പരിചയസമ്പത്തുള്ള അഭാവം താഴെ തട്ടുമുതൽ സംസ്ഥാനതലം വരെയുണ്ട്. ഒരു കമ്മിറ്റിയിൽ അംഗമായവർക്ക് അടുത്ത കമ്മിറ്റിയിൽ അംഗമാകാൻ ഇപ്പോഴത്തെ പ്രായപരിധി നിയന്ത്രണം തടസ്സമാണെന്നായിരുന്നു പ്രമേയത്തിലെ ഉള്ളടക്കം. എന്നാൽ ഈ ആവശ്യത്തെ ഭൂരിപക്ഷം പ്രതിനിധികളും തള്ളുകയായിരുന്നു.

ക്യാമ്പിൽ സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉയർന്നിരുന്നു. ഭാരവാഹികൾ ജനപ്രതിനിധികൾ ആയാൽ സ്ഥാനം ഒഴിയണമെന്നായിരുന്നു പാലക്കാട് ജില്ലയിൽ നിന്നുള്ള ഭാരവാഹി ഉയർത്തിയ ആവശ്യം. ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രതിനിധി ചൂണ്ടിക്കാണിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ക്യാപ്റ്റൻ -മേജർ വിളികൾ നാണക്കേടാണെന്ന രൂക്ഷവിമർശനവും പഠന ക്യാമ്പിൽ ഉയർന്നു. നേതാക്കൾ അപഹാസ്യരാകരുതെന്ന് പ്രമേയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്നും പഠനക്യാമ്പിൽ ആവശ്യം ഉയർന്നു. വേടൻ ശൈലിക്കും യൂത്ത് കോൺഗ്രസിൽ പിന്തുണ കിട്ടി. . മുണ്ടക്കെ-ചൂരൽമല ദുരന്തത്തിന്റെ പേരിൽ പിരിച്ച ഫണ്ട് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കണമെന്ന ആവശ്യവും ഇടുക്കിയിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ചു.