സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മരിച്ച യുവാവിന്റെ ബൈക്ക് കണ്ടെത്തി; മൃതദേഹത്തിനായി പരിശോധന നാളെ
കോഴിക്കോട് സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി.കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്തെ കാടുമുടിയ സ്ഥലത്തിന് നിന്നാണ് കണ്ടെത്തിയത്. വിജിൽ ട്രെയിനിൽ കയറി നാടുവിട്ടെന്ന് വരുത്തിതീർക്കാൻ പ്രതികൾ ബൈക്കുമായി റെയിൽവെ സ്റ്റേഷനിൽ എത്തുകയും പിന്നീട് ബൈക്ക് ഉപേക്ഷിക്കുകയുമായിരുന്നു.
പ്രതികളെ നാളെ മൃതദേഹം കുഴിച്ചിട്ടെന്ന് പറയുന്ന സരോവരത്ത് എത്തിക്കും. കുഴിച്ചിട്ട സ്ഥലത്തെ ചളി നീക്കി പരിശോധന നടത്തും.
വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റ തിരോധാനക്കേസിൽ കഴിഞ്ഞ ദിവസമാണ് നിർണായക വഴിത്തിരിവുണ്ടായത്. ആറുവർഷംമുൻപ് നാടുവിട്ടതെന്നുകരുതിയ 29-കാരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിലാണ് മരണപ്പെട്ടതെന്നാണ് സുഹൃത്തുക്കളുടെ മൊഴി.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽനിന്ന് കാണാതായവരെക്കുറിച്ചുള്ള അന്വേഷണം അടുത്തിടെ കമ്മിഷണറുടെ നിർദേശപ്രകാരം ഊർജിതപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്തതും അവർ കുറ്റം സമ്മതിച്ചതും
