ബിജെപി ആദ്യം മുതൽ പറഞ്ഞതാണ് സുഗതന് എതിരായ കേസ് വ്യാജമാണെന്ന്; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ കാപ്പ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെതിരായ കേസ് വ്യാജമാണെന്ന് ബിജെപി തുടക്കം മുതൽ പറഞ്ഞിരുന്നതാണെന്നും ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചീഫ് ഇലക്ഷൻ കമ്മീഷനെ വേട്ടയാടുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സിപിഎം കഴിഞ്ഞ 10 വർഷം ചെയ്തതാണ് ഇന്ന് കോൺഗ്രസ് ചെയ്യുന്നത്. എൽഡിഎഫ് യുഡിഎഫും രണ്ടല്ല ഒന്നാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ നിയമപ്രകാരം തടങ്കൽ ഏർപ്പെടുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഇതോടെ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതന് പുറത്തിറങ്ങാനാകും.
വി സുഗതൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വാഴോട്ടുകോണത്തു നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. ജയിലിൽ കഴിയവെ അടുത്തിടെ ഹൈക്കോടതി അനുമതിയോടെ വിയ്യൂർ ജയിലിൽ വെച്ചാണ് സുഗതൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത്.
