കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒന്നര മാസത്തിലേറേയായി മൃതദേഹം ഫ്രീസറിൽ
കണ്ണൂരിൽ തിരിച്ചറിയപ്പെട്ടിട്ടും ബന്ധുക്കളെ കണ്ടെത്താനാകാത്ത മധ്യവയസ്‌കന്റെ മൃതദേഹം സംസ്‌കരിക്കുന്നതിൽ അനിശ്ചിതത്വം. ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ജൂലൈ ഏഴിന് ആയിക്കര ഹാർബറിൽ തൂങ്ങിമരിച്ച നിലയിലാണ് മധ്യവയസ്‌കനെ കണ്ടെത്തിയത്.
കായംകുളം സ്വദേശി ബാബുവാണ് മരിച്ചതെന്നാണ് നാട്ടുകാരിൽനിന്ന് ലഭിച്ച വിവരം. തുടർന്ന് കായംകുളത്ത് അന്വേഷണം നടത്തിയെങ്കിലും ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനായില്ല. ബന്ധുക്കളാരും എത്താത്തതിനെ തുടർന്ന് മൃതദേഹം സംസ്‌കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോർപ്പറേഷന് കത്ത് നൽകി.
എന്നാൽ മൃതദേഹം കുഴിച്ചിടാൻ സ്ഥലമില്ലെന്നും ദഹിപ്പിക്കാമെന്നും കോർപ്പറേഷൻ അറിയിച്ചു. അജ്ഞാത മൃതദേഹമായതിനാൽ ദഹിപ്പിക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് മൃതദേഹം സംസ്‌കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നത്.
മോർച്ചറിയിൽനിന്ന് മൃതദേഹം മാറ്റി സംസ്‌കരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്.
