മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കും; ചർച്ചകൾ പൂർത്തിയാക്കാൻ യുഡിഎഫ്
പുതിയ യുഡിഎഫ് സർക്കാരിലെ മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. മുഖ്യമന്ത്രിയോടൊപ്പം എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നത്. ഇന്ന് ചേർന്ന 40 മിനിറ്റ് നീണ്ട യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഘടകകക്ഷികളുമായി നാളെ ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ചകൾ നടത്തും. കോൺഗ്രസ് മന്ത്രിമാരുടെ കാര്യമുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നാളെ ഉണ്ടാകുമെന്നും നേതാക്കളുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനം ഉറപ്പായെന്നും വകുപ്പുകളുടെ കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്നും സി.പി. ജോൺ യോഗത്തിന് ശേഷം പ്രതികരിച്ചു. ഇന്ന് വകുപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും നാളത്തെ യോഗത്തോടെ ഇതിൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് നടന്നുവരുന്നത്.
