'കപ്പു വാങ്ങുന്നത് ക്യാപ്റ്റൻ'; വി.ഡി. സതീശനായി കോഴിക്കോട്ട് വീണ്ടും ഫ്ലെക്സ്; പോര് മുറുകുന്നു
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിലെ 'ഭാവി മുഖ്യമന്ത്രി' പോര് തെരുവിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചും വെല്ലുവിളിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഡി.സി.സി ഓഫീസിന് സമീപമാണ് വി.ഡി. സതീശനെ അനുകൂലിച്ചുള്ള പുതിയ ഫ്ലെക്സുകൾ ഉയർന്നത്. 'ടൂർണമെന്റ് ജയിച്ചാൽ കപ്പു വാങ്ങുന്നത് ക്യാപ്റ്റൻ; സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിർപ്പിനിടയാക്കും' എന്നാണ് ഫ്ലെക്സിലെ പ്രധാന പരാമർശം.
'സേവ് കോൺഗ്രസ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഈ ബോർഡുകളിൽ സതീശനെ 'നിലപാടുകളുടെ രാജകുമാരൻ' എന്നും 'മതേതര കേരളത്തിന്റെ വാഗ്ദാനം' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വി.ഡി. സതീശൻ മലയാളക്കരയെ നയിക്കട്ടെ എന്ന ആഹ്വാനവും ഇതിലുണ്ട്. എന്നാൽ, ഇതിന് തൊട്ടുപിന്നാലെ എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ സതീശനെതിരെ രൂക്ഷവിമർശനവുമായി മറ്റൊരു വിഭാഗം രംഗത്തെത്തി. വി.ഡി. സതീശൻ പി.ആർ. പണി അവസാനിപ്പിക്കണമെന്നാണ് ഈ ബോർഡുകളിലെ ആവശ്യം.
പി.ആർ. വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിക്കാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം നടക്കില്ലെന്നും എറണാകുളത്തെ ഫ്ലെക്സുകൾ പരിഹസിക്കുന്നു. 'ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി' എന്ന പേരിലാണ് സതീശനെതിരായ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഗ്രൂപ്പ് പോര് പരസ്യമായത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
