സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റി; മൂന്ന് യുവാക്കൾ പിടിയിൽ
കനത്ത സുരക്ഷയുള്ള സെക്രട്ടേറിയറ്റിനുള്ളിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പിടിയിലായി. രാത്രി ഒൻപത് മണിയോടെ കന്റോൺമെന്റ് ഗേറ്റ് വഴിയാണ് ഇവർ വാഹനവുമായി ഉള്ളിലേക്ക് കടന്നത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും കാർ വെട്ടിച്ചു മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ വാഹനം വളഞ്ഞാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരിൽ രണ്ടുപേർ കോട്ടയം സ്വദേശികളും ഒരാൾ എറണാകുളം സ്വദേശിയുമാണ്. ഇവർ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചപ്പോൾ വഴി തെറ്റി സെക്രട്ടേറിയറ്റിന്റെ ഗേറ്റിലേക്ക് കയറിപ്പോയതാണെന്നും, ഗേറ്റ് ശ്രദ്ധിച്ചില്ലെന്നുമാണ് യുവാക്കൾ പോലീസിന് നൽകിയ മൊഴി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ സംഭവം പോലീസും സുരക്ഷാ വിഭാഗവും ഗൗരവത്തോടെയാണ് കാണുന്നത്.
