ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിൽ എംപിക്ക് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ച് കോടതി
പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ കോൺഗ്രസ് നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു. 1000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവുമാണ് ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.2022 ജൂൺ 24 ന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന ഇന്ന് എൽഡിഎഫിനൊപ്പമുള്ള പി.സരിൻ കേസിൽ ഒമ്പതാം പ്രതിയാണ്. സരിൻ നേരത്തെ കോടതിയിൽ ഹാജരാവുകയും 500 രൂപ ഫൈൻ അടച്ച് കോടതി തീരും വരെ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
