കലൂർ സ്റ്റേഡിയത്തിലെ ലൈറ്റ് സ്ഥാപിച്ച കമ്പനിക്ക് 3.68 കോടി രൂപ കുടിശ്ശിക; ജിസിഡിഎയ്ക്ക് കത്തയച്ച് കമ്പനി

  1. Home
  2. Kerala

കലൂർ സ്റ്റേഡിയത്തിലെ ലൈറ്റ് സ്ഥാപിച്ച കമ്പനിക്ക് 3.68 കോടി രൂപ കുടിശ്ശിക; ജിസിഡിഎയ്ക്ക് കത്തയച്ച് കമ്പനി

image


കലൂർ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി സ്‌പോർട്‌സ് ലൈറ്റുകൾ സ്ഥാപിച്ച കമ്പനിക്ക് പണം നൽകിയില്ലെന്ന് പരാതി. ലൈറ്റ് സ്ഥാപിച്ചതിന് നൽകാനുള്ള 3.68 കോടി രൂപ ലഭിച്ചിട്ടില്ലെന്നാണ് ബെംഗളൂരു ആസ്ഥാനമായ ലൈറ്റിംഗ് ടെക്‌നോളജി കമ്പനി ജിസിഡിഎയെ അറിയിച്ചത്.

പണം ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കമ്പനി ജിസിഡിഎയ്ക്ക് രണ്ട് തവണ കത്ത് നൽകി. സ്‌പോൺസർമാരോട് നിരന്തരം പണം ആവശ്യപ്പെട്ടിട്ടും തുക ലഭിച്ചില്ലെന്നും അതിനാൽ ജിസിഡിഎ ഇടപെട്ട് പണം വാങ്ങിനൽകണമെന്നുമാണ് കമ്പനിയുടെ ആവശ്യം.

സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് ലൈറ്റുകൾ സ്ഥാപിക്കാൻ 3.68 കോടി രൂപയാണ് ചെലവായതെന്ന് കമ്പനി പറയുന്നു. സ്പോണസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പണം ലഭിച്ചിട്ടില്ലെന്നാണ് ജിസിഡിഎക്ക് കത്തയച്ചിരിക്കുന്നത്. പണം ലഭിക്കാത്തതിനെ തുടർന്ന് കമ്പനി ഇപ്പോൾ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവാക്കിയെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി ആറ് കോടിയിലധികം രൂപയുടെ കൊട്ടേഷനാണ് ആദ്യം നൽകിയിരുന്നതെങ്കിലും ചർച്ചകൾക്കൊടുവിൽ തുക കുറച്ചിരുന്നു.ഇതിൽ 1.4 കോടി രൂപ മാത്രമാണ് കമ്പനിക്ക് മുൻകൂറായി ലഭിച്ചത്.

ഐ.എസ്.എൽ മത്സരങ്ങൾക്കായി പണി വേഗത്തിൽ പൂർത്തിയാക്കണമെന്ന് സ്പോൺസർ ആവശ്യപ്പെട്ടതനുസരിച്ച് ലൈറ്റിങ് ടെക്നോളജീസ് കൃത്യസമയത്തുതന്നെ ജോലി പൂർത്തിയാക്കിയിരുന്നു. എന്നാൽ, പണി കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും ബാക്കി തുക നൽകാൻ സ്പോൺസർ തയ്യാറായിട്ടില്ലെന്നാണ് പരാതി.