നവകേരള സദസ്സ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ബിജെപിയോടുള്ള ആത്മബന്ധം കാരണം ; മുഖ്യമന്ത്രി

  1. Home
  2. Kerala

നവകേരള സദസ്സ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ബിജെപിയോടുള്ള ആത്മബന്ധം കാരണം ; മുഖ്യമന്ത്രി

pinarayi vijayan


നവകേരള സദസ്സിന്റെ ഭാഗമായി നേമം മണ്ഡലത്തിലെ പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. നവകേരള സദസ്സ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ബിജെപിയോടുള്ള ആത്മബന്ധം കാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്-ബിജെപി ആത്മബന്ധത്തെ കുറിച്ച് നേമം മണ്ഡലത്തില്‍ ഉള്ളവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബിജെപിയുമായി തിരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വം. രഹസ്യ നീക്കങ്ങള്‍ പല തവണ ഉണ്ടായിട്ടുണ്ട്. ചില ആര്‍എസ്എസ് നേതാക്കള്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഈ ബന്ധം കൊണ്ടാണ് നവകേരള സദസ്സ് ബഹിഷ്‌കരിച്ചത്. ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ അര അക്ഷരം മിണ്ടാന്‍ ത്രാണിയില്ലാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വം.

1,07500 കോടി രൂപയാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന് കേന്ദ്രം നിഷേധിച്ചത്. നാടിന് വേണ്ടിയാണ് പ്രതിപക്ഷത്തിന്റെ സഹകരണം വീണ്ടും വീണ്ടും ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായില്ല. 2016 മുതല്‍ കോണ്‍ഗ്രസിന്റെ സമീപനം ഇതു തന്നെയാണെന്നും അവര്‍ക്കൊപ്പമുള്ള നേതാക്കള്‍ക്ക് പോലും മടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന് വേണ്ടിയുള്ള പരിപാടിയില്‍ പ്രതിപക്ഷം കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഭംഗിവാക്കായി പറഞ്ഞതല്ല പ്രതിപക്ഷം വിട്ടുനില്‍ക്കുമെന്ന് കരുതിയതേയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.