കോടതി വിധി സ്വാഗതാർഹം ;ആഗോള അയ്യപ്പ സംഗമം സുതാര്യമായിരിക്കും; മന്ത്രി വി.എൻ. വാസവൻ
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് മന്ത്രി വി.എൻ. വാസവൻ. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച വസ്തുതകൾ കോടതി മനസ്സിലാക്കി. കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടി നടത്താൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
താൽക്കാലിക പന്തലാണ് അവിടെ നിർമ്മിക്കുക. 3000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമ്മിക്കുന്നത്. തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തിൽ ആയിരിക്കും ബോർഡ് പരിപാടി നടത്തുക എന്നും മന്ത്രി പ്രതികരിച്ചു. ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രി വാസവന്റെ പ്രതികരണം
ആഗോള അയ്യപ്പ സംഗമം സുതാര്യമായിരിക്കും. വിശ്വാസി സമൂഹത്തിന്റെ താല്പര്യം സംരക്ഷിച്ചാണ് പരിപാടി നടത്തുന്നത്. 28 സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ ഉണ്ടാകും. ഭക്തജന പ്രവാഹമല്ല പ്രതിനിധികളെയാണ് ഉദ്ദേശിക്കുന്നത് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായി ഉദ്ദേശിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും 2 മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ പങ്കെടുക്കും ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി
പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
