വന്ദേമാതരം മുഴുവൻ ആലപിക്കില്ല, സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ തുടരും; കെ. മുരളീധരൻ
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി മന്ത്രി കെ. മുരളീധരൻ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂർണരൂപത്തിൽ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു സർക്കുലർ നൽകിയതെന്നും എന്നാൽ കേരളം അത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലോ സത്യപ്രതിജ്ഞാ ചടങ്ങുകളിലോ കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കാറുണ്ടെങ്കിലും മറ്റ് സംസ്ഥാന സർക്കാർ പരിപാടികളിൽ കേരളത്തിന്റെ പ്രോട്ടോക്കോൾ തന്നെയായിരിക്കും പിന്തുടരുക. ഇതനുസരിച്ച്, വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായിരിക്കും സർക്കാർ പരിപാടികളിൽ ആലപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
