മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യഘട്ട പരിശോധന പൂർത്തിയായി; റിപ്പോർട്ട് 15 ദിവസത്തിനകം
ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ആദ്യഘട്ട സമഗ്ര പരിശോധന പൂർത്തിയായതായി സമിതി ചെയർമാൻ ബൽരാജ് ജോഷി. പരിശോധനാ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ ചേരുന്ന യോഗത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിക്കുമെന്നും റിപ്പോർട്ട് നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് അഞ്ചംഗ വിദഗ്ധ സമിതി പരിശോധന നടത്തിയത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറിയായ അശുതോഷ് ദാസ് കേരളത്തിന്റെ പ്രതിനിധിയാണ്.കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയെ തുടർന്നാണ് 2022ൽ മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്
