സൂംബ സർക്കാർ നടപ്പാക്കണം; എസ്എൻഡിപി പൂർണ പിന്തുണ നൽകുന്നു: വെള്ളാപ്പള്ളി നടേശൻ

സൂംബ പദ്ധതി സർക്കാർ നടപ്പാക്കണമെന്നും ഈ വിഷയത്തിൽ എസ്എൻഡിപി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നുവെന്നും അവരുടെ ഈ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഈ ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. അത് അംഗീകരിക്കണം. എൽഡിഎഫ് തോറ്റുവെന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. ലീഗും കോൺഗ്രസും ഒരുമിച്ച് നിന്നു. അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞുവെന്നും വ്യക്തമാക്കി. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാനാവില്ല. അൻവർ പാർട്ടിക്ക് വിധേയമായാൽ എടുക്കാമെന്ന കോൺഗ്രസ് നിലപാട് മികച്ചതാണ്. സമീപ ചരിത്രത്തിൽ യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണിത്. നിലമ്പൂരിലേത് വി ഡി സതീശന്റെ വിജയമല്ലെന്നും കൂട്ടായ്മ്മയുടെ ജയമെങ്കിലും അവകാശം ലീഗിനാണെന്നും അദ്ദേഹം പറഞ്ഞു.