സെനറ്റ് നിയമനത്തിൽ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിർക്കുന്നില്ല: കെ സുധാകരൻ

  1. Home
  2. Kerala

സെനറ്റ് നിയമനത്തിൽ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിർക്കുന്നില്ല: കെ സുധാകരൻ

sudhakaran press meet


സെനറ്റിലെയും സിൻഡിക്കേറ്റിലെയും നിയമനത്തിൽ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിർക്കുന്നില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സംഘപരിവാര്‍ മാത്രമായത് കൊണ്ട് എതിര്‍ക്കില്ല. അവരും ജനാധിപത്യത്തിലെ ഒരു പാര്‍ട്ടിയല്ലേയെന്നും സുധാകരൻ ചോദിച്ചു.

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിൽ എന്താണ് തടസ്സം. സംഘപരിവാറിന്റെ ആളുകളെ മാത്രം വെച്ച് പോകുന്നുവെങ്കില്‍ നമുക്ക് വിമര്‍ശിക്കാം. അവരില്‍ കൊള്ളാവുന്നവരുണ്ടെങ്കില്‍ അവരെ വയ്ക്കുന്നതിനെ ഞങ്ങള്‍ എങ്ങനെയാണ് എതിര്‍ക്കുക.

കോണ്‍ഗ്രസിനകത്ത് എല്ലാവരെയും വയ്ക്കാന്‍ സാധിക്കില്ല, പക്ഷെ കൊള്ളാവുന്നവരെ വയ്ക്കുമ്പോള്‍ സന്തോഷമാണ്, ഞങ്ങള്‍ അത് സ്വീകരിക്കും. ഗവര്‍ണറുടെ ഉത്തരവാദിത്വത്തെ പിന്തുണയ്ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമെന്നും കെ സുധാകരൻ പറഞ്ഞു. 

സിന്‍ഡിക്കേറ്റിലെയും സെനറ്റിലെയും നിയമനം രാഷ്ട്രീയം തിരിച്ച് കാണാന്‍ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവര്‍ യോഗ്യരാണോ എന്നതാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. അത് യോഗ്യരല്ലാത്തവരാണെന്ന് തോന്നിയാല്‍ ഞങ്ങള്‍ അതിനെതിരെ നിലപാട് സ്വീകരിക്കും. അത് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്, അതിന് ഒരു സംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. അവര്‍ വിദ്യാഭ്യാസ വിദഗ്ധര്‍ അല്ലെങ്കില്‍ ഞങ്ങള്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

സെനറ്റിലേയ്ക്കും സിന്‍ഡിക്കേറ്റിലേയ്ക്കും ഗവര്‍ണര്‍ കോണ്‍ഗ്രസുകാരെ നിര്‍ദ്ദേശിച്ചത് തങ്ങള്‍ അപേക്ഷ കൊടുത്തിട്ടല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഒരു വിദ്യാഭ്യാസ വിദഗ്ധന്റെ യോഗ്യതയ്ക്കനുസരിച്ച് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും സുധാകരൻ ചോദിച്ചു.