മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യ നില മോശമായി തുടരുന്നു; 'വീണ്ടും മയക്കുവെടി വെക്കുന്നതില്‍ ആശങ്ക

മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അല്‍പം മോശമാണെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കൂട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ തന്നെ ദൗത്യം തുടങ്ങുമെന്നും അരുണ്‍ സക്കറിയ വ്യക്തമാക്കി. അതേസമയം കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്റെ പണി പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ദൗത്യം നീളുന്നതെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മി പ്രതികരിച്ചു.
'വീണ്ടും മയക്കുവെടി വെക്കുന്നതില്‍ ആശങ്കയുണ്ട്. ദൗത്യവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആനക്കൊട്ടിലിന്റെയും എലഫന്റ്‌റ് ആംബുലന്‍സിന്റെയും പണി ഇന്ന് ഉച്ചയോട് കൂടി തീര്‍ക്കും. പരിക്കേറ്റ ആന അവശനിലയിലാണ്. തീറ്റ എടുക്കുന്നുണ്ട്. വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്', ലക്ഷ്മി പറഞ്ഞു.
അതേസമയം മയക്കുവെടി വെച്ചശേഷം ആനയെ കോടനാട്ടിലേക്ക് കൊണ്ടുപോകും. കോടനാട് വെച്ചായിരിക്കും ആനയ്ക്ക് ചികിത്സ നല്‍കുക. മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയില്‍ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രന്‍, വിക്രം,കുഞ്ചി എന്ന് മൂന്ന് കുങ്കിയാനകളെയാണ് അതിരപ്പള്ളിയില്‍ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു.